ബെംഗളൂരു: നന്ദിനി ബ്രാൻഡിന് കീഴിൽ പാലുത്പന്നങ്ങൾ വിപണനം ചെയ്യുന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) വ്യാപാരം രാജ്യതലസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നു. നന്ദിനി ബ്രാൻഡിൽ പാലും തൈരും ന്യൂഡൽഹിയിലും ലഭിക്കും. നവംബർ 21-ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജ്യതലസ്ഥാനത്ത് ഉത്പന്നങ്ങൾ പുറത്തിറക്കും.
പാലുത്പന്നങ്ങൾക്ക് പേരുകേട്ട നന്ദിനി ഇഡ്ഢ്ലി-ദോശ മാവിലും ഒരു കൈ വയ്‌ക്കാനൊരുങ്ങുകയാണ്. നവംബർ 26-ന് ബെംഗളൂരുവിൽ ഇഡ്ഡലി, ദോശ മാവും അവതരിപ്പിക്കുമെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടർ എം കെ ജഗദീഷ് പറഞ്ഞു. 900 ഗ്രാം മാവ് ഉൾക്കൊള്ളുന്നതാണ് ഒരു പായ്‌ക്കറ്റ്. 18 ഇഡ്ഢലികളോ 12-14 ദോശകളോ ഇതുവച്ച് ഉണ്ടാക്കാം. ബെംഗളൂരുവിൽ ഇത് വിജയിച്ചാൽ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെഎംഎഫ് അറിയിച്ചു.
മദർ ഡയറി, അമുൽ, മധുസൂദനൻ, നമസ്‌തേ ഇന്ത്യ തുടങ്ങിയ ബ്രാൻഡുകളാണ് ഡൽഹിയുടെ പാലുൽപന്ന വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്നത്. മാണ്ഡ്യ മിൽക്ക് യൂണിയനിൽ നിന്ന് ഡൽഹിയിലേക്ക് ഇൻസുലേറ്റഡ് റോഡ് ടാങ്കറുകൾ വഴി പാൽ കൊണ്ടുപോകുന്നതിനുള്ള കരാർ കെഎംഎഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു. 2,190 ടാങ്കറുകളാകും ഇതിനായി ഉപയോഗിക്കുക.
കർണാടകയിലെ 22,000 ഗ്രാമങ്ങളിലായി 15 യൂണിയനുകൾ, 24 ലക്ഷം പാൽ ഉത്പാദകർ, 14,000 സഹകരണ സംഘങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖലയാണ് കെഎംഎഫിനുള്ളത്. പ്രതിദിനം 8.4 ദശലക്ഷം ലിറ്റർ പാലാണ് കെഎംഎഫിലെത്തുന്നത്. 65-ലധികം പാലുത്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. കർഷകർക്ക് പ്രതിദിനം 17 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
കർണാടകയ്‌ക്ക് പുറമേ ഗോവ, ഹൈദരാബാദ്, ചെന്നൈ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കെഎംഎഫിന്റെ ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ട്. സായുധ സേനയ്‌ക്ക് വരെ പാലുത്പന്നങ്ങളെത്തിക്കുന്നത് നന്ദിനിയാണ്. ഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ഭൂട്ടാൻ, മ്യാൻമർ, യുഎസ് തുടങ്ങിയ അന്താരാഷ്‌ട്ര വിപണികളിലേക്ക് പാൽ കയറ്റുമതിയും കെഎംഎഫ് നടത്തുന്നു.