മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സിനിമാ മേഖലയിലെ സെലിബ്രിറ്റികളും രാഷ്‌ട്രീയക്കാരും മറ്റ് പ്രമുഖരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
ബോളിവുഡ് താരവും മഥുര എംപിയുമായ ഹേമമാലിനി വോട്ട് രേഖപ്പെടുത്തി. മകൾ ഇഷ ഡിയോളിനൊപ്പമാണ് അവർ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്. താരദമ്പതികളായ രാകുൽപ്രീത് സിംഗും ജാക്കി ഭഗ്നാനിയും വോട്ട് ചെയ്യാൻ എത്തിയിരുന്നു. പൗരന്മാർ എന്ന നിലയിൽ ഇത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് രാകുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടന്മാരായ കാർത്തിക് ആര്യനും, സുനിൽ ഷെട്ടിയും, നടി സോഹ അലിഖാനും വോട്ട് ചെയ്യാനായി മഹാരാഷ്‌ട്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കെത്തി. ” വോട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമ്മുടെ അവകാശങ്ങൾ വിനിയോഗിക്കണം. പോളിംഗ് ശതമാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.” വോട്ട് ചെയ്ത ശേഷം നടൻ തുഷാർ കപൂർ പറഞ്ഞു. കുടുംബത്തിനൊപ്പമെത്തിയാണ് സച്ചിൻ ടെൻഡുൽക്കറും കുടുംബവും വോട്ട് ചെയ്തത്.
View this post on Instagram
നടനും ശിവസേന നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതയും വോട്ട് രേഖപ്പെടുത്തി. ” മഹാരാഷ്‌ട്രയിലെ എല്ലാ ആളുകളും സമ്മതിദാന അവകാശം വിനിയോഗിക്കണം. ആര് അധികാരത്തിൽ വന്നാലും നല്ലത് ചെയ്യുകയും ജനങ്ങളെ സേവിക്കുകയും ചെയ്യണം.” സുനിത അഹൂജ പറഞ്ഞു. ചലച്ചിത്ര നിർമാതാവ് കബീർ ഖാൻ, ഗാനരചയിതാവ് ഗുൽസാർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരും വോട്ടെടുപ്പിൽ പങ്കെടുത്തു.
മഹാരാഷ്‌ട്രയിലെ 288 നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. ശിവസേന (യുബിടി) സ്ഥാനാർത്ഥി കേദാർ പ്രകാശ് ദിഗെയെയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേരിടുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ശക്തികേന്ദ്രമായ നാഗ്പൂർ സൗത്ത് വെസ്റ്റിൽ കോൺഗ്രസിന്റെ പ്രഫുല്ല ഗുദാധെക്കെതിരെയാണ് മത്സരിക്കുന്നത്.















