കോട്ടയം: വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്.
പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പ്രവാസിയിൽ നിന്ന് 60,000 രൂപയാണ് സുഭാഷ്കുമാർ ആവശ്യപ്പെട്ടത്.
എന്നാൽ വൈക്കം എസ്ബിഐയിൽ വച്ച് ഇയാൾക്ക് 25,000 രൂപ ആദ്യം കൈമാറുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുഭാഷ്കുമാറിനെ അറസ്റ്റ് ചെയ്തത്.