അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയ നിർമിച്ച, ഭാരം കുറഞ്ഞ യുദ്ധ ടാങ്കായ സൊറാവാർ ഉടൻ സേനയുടെ ഭാഗമാകും. ടാങ്കിന്റെ അവസാനഘട്ട ട്രയൽ റൺ നവംബർ 21 മുതൽ ഡിസംബർ 15 വരെ ലഡാക്കിൽ നടക്കും. സമതലങ്ങളിലും മരുഭൂമിയിലും വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയ ശേഷമാണ് സൊറാവാർ പർവ്വത നിരകളിലേക്ക് എത്തുന്നത്.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന വ്യന്യസിച്ച മൗണ്ടൻ ടാങ്കുകളുടെ ഭീഷണി നേരിടാൻ സൊറാവാറിന് കരുത്തുണ്ട്. ഭാരം കുറവായതിനാൽ T-72, T-90 ടാങ്കുകളേക്കാൾ വേഗത്തിൽ പർവ്വതങ്ങളിലും മരുഭൂമികളിലും കുത്തനയുള്ള കയറ്റിറക്കങ്ങളിലും ഉപയോഗിക്കാം. മിസൈൽ ഫയറിംഗ് ഉൾപ്പെടെ നിലവിലെ ടാങ്കിന് തുല്യമായ ഫയർ പവറും ഇതിന് ഉണ്ടായിരിക്കും.
ഡിആർഡിഒയും ലാർസൻ ആൻഡ് ടൂബ്രോയും സംയുക്തമായാണ് സൊറാവാർ വികസിപ്പിച്ചത്. 25 ടൺ ആണ് ടാങ്കിന്റെ ആകെ ഭാരം. സാധാരണ ടാങ്കുകൾക്ക് 50 ടൺ ഭാരമുണ്ട്. ചീറ്റപുലിപോലെ പർവതം കയറാനാണ് ഭാരം 25 ടൺ ആക്കി ചുരുക്കിയത്. വിമാനത്തിൽ കയറ്റിയും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാം. വടക്കൻ അതിർത്തിയിലും ഇന്ത്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ ലൈറ്റ് ടാങ്കുകൾ ആവശ്യമാണ്. മൊത്തം 354 ലൈറ്റ് ടാങ്കുകൾ വാങ്ങാനാണ് സൈന്യം പദ്ധതി ഇട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 59 ടാങ്കുകൾക്കാണ് ഓർഡർ നൽകിയത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ലഡാക്കിലെ ഡോഗ്ര ജനറൽ സൊറാവർ സിങ്ങിന്റെ സ്മരണാർത്ഥമാണ് ടാങ്കിന് ഈ പേര് നൽകിയത്. ഫയർ പവർ, സംരക്ഷണം, നിരീക്ഷണം, ആശയവിനിമയ ശേഷി എന്നിവ ഒരു പോലെ സന്നിവേശിപ്പിച്ച ടാങ്കിന് ഇന്ത്യൻ സൈന്യത്തിലെ ‘ഏറ്റവും വലിയ പർവതം കയറ്റക്കാരൻ’ എന്ന പേരുമുണ്ട്. അത്യാധുനിക റഡാർ സംവിധാനം ഉള്ളവ ഇവയെ ഉയർന്ന പ്രദേശങ്ങളിൽ അതിവേഗം വിന്യസിക്കാനും സാധിക്കും.















