പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ പോളിംഗ് ബൂത്തിൽ സംഘർഷത്തിന് വഴിയൊരുക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനം. പാലക്കാട് നഗരസഭാ പരിധിയിൽ വരുന്ന വെണ്ണക്കരയിലേക്കാണ് രാഹുൽ എത്തിയത്. 48-ാം നമ്പർ പോളിംഗ് ബൂത്തിലേക്കെത്തിയ സ്ഥാനാർത്ഥി വോട്ടർമാരുമായി ഇടപഴകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് പാർട്ടിക്കാർ രാഹുലിനെ തടഞ്ഞു.
സ്ഥാനാർത്ഥിക്ക് പോളിംഗ് ബൂത്തിലേക്ക് വരാമെങ്കിലും വോട്ടർമാരുമായി ഇടപഴകുന്നതിനും വോട്ട് ചോദിക്കുന്നതിനും വിലക്കുണ്ട്. ഇത് ലംഘിച്ചാണ് രാഹുൽ എത്തിയതെന്നാണ് ഉയരുന്ന ആരോപണം. ബൂത്തിനകത്തേക്ക് കോൺഗ്രസ് പ്രവർത്തകരുമായാണ് രാഹുൽ പോയതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇത് നിയമലംഘനമാണെന്ന് ബിജെപി പ്രവർത്തകർ ചൂണ്ടിക്കാട്ടുകയും മടങ്ങിപ്പോകാൻ രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മടങ്ങിപ്പോകാൻ കൂട്ടാക്കാതെ രാഹുലും കോൺഗ്രസ് പ്രവർത്തകരും പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ ബൂത്തിൽ വൻ സംഘഷമുണ്ടായി.
തുടർന്ന് പൊലീസ് ഇടപെട്ട് സംഘർഷം നിയന്ത്രണവിധേയമാക്കുകയും രാഹുലിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. രാവിലെ മുതൽ സമാധാനപരമായി പുരോഗമിച്ച വോട്ടെടുപ്പാണ് രാഹുലിന്റെ ബൂത്ത് സന്ദശനത്തോടെ സംഘർഷത്തിന് വഴിയൊരുക്കിയതെന്നാണ് വിമർശനം.