തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം തകർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊഴിക്കര സ്വദേശി സതി(49) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു സുധീഷിന് ഗുരുതരമായി പരിക്കേറ്റു. തലയ്‌ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നാല് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. സതിയുടെ മറ്റ് ബന്ധുക്കളായ രതീഷ്, സുധാകരൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തകരുകയായിരുന്നു. ഇതോടെ സതിയും ബന്ധുക്കളും കടലിലേക്ക് തെറിച്ച് വീണു. വള്ളത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. സതിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.















