അടുക്കളയിൽ കത്തി ഉപയോഗിക്കാത്തവരായി ആരാണുള്ളത് അല്ലേ? അടുക്കളയിലെ ഹീറോ കത്തിയാണെന്ന് പറയാം. വലിയ പച്ചക്കറികളും മറ്റും കൊത്തിയരിയണമെങ്കിൽ കത്തി നമുക്ക് കൂടിയേതീരൂ. എന്നാൽ വൃത്തിയില്ലാതെ കത്തി കൈകാര്യം ചെയ്താൽ എട്ടിന്റെ പണി കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കത്തി തുരുമ്പെടുക്കാൻ അധിക ദിവസം ആവശ്യമില്ല. ഇത്തരം കത്തികൾക്കൊണ്ട് വെട്ടിയരിയുന്ന പച്ചകറികളും ആഹാരങ്ങളും കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ കത്തി എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ഉപയോഗിച്ച ശേഷം വേഗം വൃത്തിയാക്കുക
പച്ചക്കറികളും മറ്റും അരിഞ്ഞ ശേഷം കത്തി കഴുകാതെ മാറ്റി വയ്‌ക്കുന്ന ശീലമുള്ളവർ ഉണ്ടായിരിക്കും. എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ കത്തിയിൽ ദീർഘ നാൾ ഇരിക്കുന്നത് തുരുമ്പെടുക്കാൻ ഇടയാക്കുന്നു. അതിനാൽ കത്തി ഉപയോഗിച്ച ശേഷം നന്നായി കഴുകി തുടച്ച് വയ്‌ക്കാൻ ശ്രദ്ധിക്കുക.
സോപ്പുവെള്ളത്തിൽ മുക്കി വയ്‌ക്കുക
ഭക്ഷണാവശിഷ്ടങ്ങൾ കത്തിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. വെറുതെ വെള്ളത്തിലിട്ട് കഴികിയാലും ഇത് പോകണമെന്നില്ല. അതിനാൽ ആഴ്ചയിൽ രണ്ട് ദിവസം സോപ്പ് വെള്ളത്തിൽ കത്തി അൽപനേരം ഇട്ടുവച്ച ശേഷം കഴുകിയെടുക്കാൻ ശ്രമിക്കുക. ആസിഡുകൾ പോലുള്ളവ കത്തി വൃത്തിയാക്കാനെടുക്കരുത്. ഇത് പെട്ടന്ന് തുരുമ്പിക്കാൻ ഇടയാക്കുന്നു.
തുരുമ്പ് കളയാൻ ഈ വിദ്യ പരീക്ഷിക്കാം
കത്തികളിൽ തുരുമ്പെടുത്താൽ പരീക്ഷിച്ചു നോക്കാവുന്ന എളുപ്പവഴിയാണിത്. കുറച്ച് ബേക്കിംഗ് സോഡയും അൽപം വെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് തുരുമ്പെടുത്ത ഭാഗങ്ങളിലിട്ട് നന്നായി ഉരയ്‌ക്കുക. തുരുമ്പ് മാറി കത്തി തിളക്കമുള്ളതാകും.