കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചെന്ന് തുറന്നുപറഞ്ഞ് എസ്ഡിപിഐ. ഇതുവരെ പുറത്തു പറയാതിരുന്നത് രാഷ്‌ട്രീയ മാന്യത കാരണമാണെന്നും SDPI അറിയിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന്റെ സ്വീകരണ ചടങ്ങിനായി കോഴിക്കോട് സമ്മേളനം നടത്തുന്നതിന് മുന്നോടിയായി മാദ്ധ്യങ്ങളെ കാണുകയായിരുന്നു SDPI നേതൃത്വം.
ഒരു ചർച്ചയുമില്ലാതെയല്ല യുഡിഎഫിനെ പിന്തുണച്ചത്. ചർച്ച നടത്തിയില്ലെന്ന് പറയാൻ കഴിയില്ല. യുഡിഎഫിന് പിന്തുണ നൽകിയതിനെക്കുറിച്ച് നേരത്തെ പറയാതിരുന്നത് രാഷ്‌ട്രീയ മാന്യതയുടെ ഭാഗമായാണ്. യുഡിഎഫ് പറഞ്ഞത് വർഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്നാണ്. ഞങ്ങൾ വർഗീയ പാർട്ടിയല്ല. മുസ്ലീങ്ങൾ മാത്രമുള്ള പാർട്ടിയാണെന്ന് കരുതി അതിനെ വർഗീയ പാർട്ടിയെന്ന് വിളിക്കാൻ പറ്റില്ല. എസ്ഡിപിഐയുടെ പ്രവർത്തനം മതപരമായ സംഗതിയേയല്ല. ഇവിടുത്തെ വിലക്കയറ്റവും സാമ്പത്തിക അസമത്വവും പൊതുജനപ്രശ്നങ്ങളുമാണ് എസ്ഡിപിഐ വിളിച്ചുപറയുന്നത്.
വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ പിന്തുണച്ചതാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ അതേ പാർട്ടിയുടെ അടുത്ത സ്ഥാനാർത്ഥിയെ വയനാട്ടിൽ എസ്ഡിപിഐ പിന്തുണച്ചത് സ്വാഭാവിക പ്രക്രിയ മാത്രമായിരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തണമോയെന്ന് എസ്ഡിപിഐ ആലോചിച്ചതായിരുന്നു. എന്നാൽ റിസ്ക് എടുക്കേണ്ട, സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്ന് പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയായിരുന്നു. അവിടെ ബിജെപി വിജയിക്കരുതെന്നാണ് താത്പര്യം. ബിജെപി കയറിവരാനുള്ള സാധ്യത മുന്നിൽ കണ്ട്, അവരെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പാലക്കാട് ജയിക്കാൻ സാധ്യതയുള്ള മറ്റൊരു മുന്നണിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത്. സരിൻ കയറിവരാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കി, അങ്ങനെ യുഡിഎഫിന് വോട്ട് നൽകുകയായിരുന്നു. – എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി.















