പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിംഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്ടൺ, നേപ്പാൾ താരം ദീപേന്ദ്ര സിംഗ് എന്നിവരെയാണ് ഇന്ത്യൻ താരം ഓൾറൗണ്ടർമാരുടെ പട്ടികിൽ മറികടന്നത്. ബാറ്റർമാരുടെ പട്ടികയിൽ സൂര്യകുമാർ യാദവിനെ മറികടന്ന് ആദ്യപത്തിലേക്ക് യുവതാരം തിലകും കടന്നുവന്നു.
69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് തിലക് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ ഇന്ത്യൻ നായകൻ സൂര്യകുമാർ നാലാം സ്ഥാനത്തേക്ക് വീണു. 280 റൺസാണ് തിലക് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അടിച്ചുകൂട്ടിയത്. പരമ്പരയിലെ താരമായതും തിലകായിരുന്നു.
പരമ്പരയിൽ രണ്ടു സെഞ്ച്വറി നേടിയ സഞ്ജു സാംസണും 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തി. 22-ാം സ്ഥാനമാണ് സഞ്ജു സ്വന്തമാക്കിയത്.ബോളർമാരുടെ റാങ്കിംഗിൽ അർഷദീപ് കരിയറിലെ മികച്ച റാങ്കിംഗ് സ്വന്തമാക്കി. 9-ാം സ്ഥാനത്തേക്കാണ് താരം കുതിച്ചത്.















