മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ റഹ്മാനും ഭാര്യയും തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്കർ ജേതാവായ സംഗീതജ്ഞൻ ARR-ന്റെ പ്രഖ്യാപനം ഞെട്ടിക്കുന്നതായിരുന്നു. 57കാരനായ റഹ്മാനും 50കാരിയായ സൈറ ബാനുവും 1995ലായിരുന്നു വിവാഹിതരായത്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്. വിവാഹം കഴിഞ്ഞ് 29 വർഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷം എന്തുകൊണ്ട് പിരിയാൻ തീരുമാനിച്ചുവെന്നാണ് ആരാധകരുടെ ഇടയിൽ ഉയരുന്ന ചോദ്യം. ഇരുവരുടെയും വേർപിരിയലിനെ ഗ്രേ ഡിവോഴ്സ് എന്നാണ് സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നതും.
എന്താണ് ഗ്രേ ഡിവോഴ്സ് (GRAY DIVORCE)
50 വയസോ അതിലധികമോ പിന്നിട്ട ദമ്പതിമാർ അവരുടെ ദീർഘകാല ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്സ് എന്ന് വിശേഷിപ്പിക്കുന്നത്. അത്തരം ദമ്പതികളെ സിൽവർ സ്പ്ലിറ്റേഴ്സ് എന്നും പറയാറുണ്ട്.
അടുത്തിടെ നടന്ന പഠനങ്ങൾ പ്രകാരം ദമ്പതികൾക്കിടയിൽ ഉയർന്നുവരുന്ന പ്രവണതയാണ് ഗ്രേ ഡിവോഴ്സ്. ദശാബ്ദങ്ങളോളം ഒന്നിച്ച് ജീവിച്ച ശേഷം ഇരുവരും പിരിയാൻ തീരുമാനിക്കുന്നു. 1970 മുതൽ ഗ്രേ ഡിവോഴ്സുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത 40 ശതമാനം ഡിവോഴ്സ് കേസുകളും 50 വയസിന് മുകളിലുള്ളവരുടേതായിരുന്നു. 1990ന് ശേഷം ഗ്രേ ഡിവോഴ്സുകളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്ക്. 65 വയസിന് ശേഷം പിരിയുന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.