ലക്നൗ: ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഢിൽ യമുന എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്നും അസംഗഢിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു.
നിയന്ത്രണം വിട്ട ബസ് ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ ജനൽ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഫൈസാബാദിലെ കൃഷ്ണ ട്രാവൽസ് എന്ന കമ്പനിയുടേതാണ് ബസ്.
നാട്ടുകാരും പൊലീസും ചേർന്ന് ബസിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തു. മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.