പൂനെ: വഖ്ഫ് ബോർഡിന്റെ നെറികേടിൽ 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം. പൂനെ കുംഭാർവാഡയിലെ പുണ്യേശ്വർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരാണ് എട്ട് വർഷമായി ദുരിതം അനുഭവിക്കുന്നത്. വഖ്ഫിന്റെ ക്രൂരതയ്‌ക്കെതിരെ പ്രദേശത്തെ ഹിന്ദു-മുസ്ലീം കുടുംബങ്ങൾ ഒറ്റക്കെട്ടായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
2016 ലാണ് കോളനി നവീകരണത്തിന്റെ ഭാഗമായി വീടുകൾ പൊളിച്ച് നീക്കിയത്. മെച്ചപ്പെട്ട വീടും അടിസ്ഥാന സൗകര്യവും ഒരുക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ സമീപത്തെ ദർഗയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി സ്ഥലത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു. ഇതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. എട്ട് വർഷമായിട്ടും പൊളിച്ച വീടിന്റെ അവശിഷ്ടങ്ങൾ കോളനിയിൽ കുന്നുകൂടി കിടപ്പുണ്ട്. കുടിയറക്കപ്പെട്ടവർ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ഹിന്ദു-മുസ്ലീം തിങ്ങിപ്പാർക്കുന്ന കോളനിയാണ് പുണ്യേശ്വർ ഹൗസിംഗ് സൊസൈറ്റി.
1960 കാലത്താണ് ഇവിടെ കോളനി സ്ഥാപിച്ചത്. കൂലിവേലയാണ് ഇവരുടെ പ്രധാന ജീവിതമാർഗം. ഇടക്കാലത്ത് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് വാടകതുക ലഭിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.
ഞാൻ ഇവിടെയാണ് ജനിച്ചത്. എന്റെ ജീവിതം മുഴുവൻ ഈ സ്ഥലത്തായിരുന്നു. അവർ ഞങ്ങളുടെ വീടുകൾ ഇടിച്ചു കളഞ്ഞു. മെച്ചപ്പെട്ട വീട് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭൂമി വഖ്ഫാണെന്ന് പറയുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി തിരികെ വേണം. പുതിയ വഖ്ഫ് നിയമത്തിലാണ് അവസാന പ്രതീക്ഷ ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് അനിഫ് ഷെയ്ഖ് പറഞ്ഞു. മുഹമ്മദിനെ പോലെ നൂറുകണക്കിന് ആളുകളാണ് വഖ്ഫ് നിയമഭേദഗതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.















