കൊച്ചി: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് കനത്ത തിരിച്ചടി. വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. പ്രസംഗത്തിൽ ഭരണഘടനാ ലംഘനം ഇല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അഡ്വക്കേറ്റ് ബൈജു നോയൽ തുടരന്വേഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് നടത്തണമെന്നാണ് നിർദ്ദേശം.
ഹർജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അന്വേഷണത്തിൽ പാളിച്ചകളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ചുകൊണ്ട് നൽകിയ റിപ്പോർട്ട് അപൂർണമാണ്. തെളിവുകൾ പരിശോധിക്കപ്പെട്ടിട്ടില്ല. ഫോറൻസിക് പരിശോധനാ ഫലങ്ങളോ മന്ത്രി സജി ചെറിയാന്റെ ശബ്ദ സാമ്പിളുകളുടെ പരിശോധനയോ ഇല്ലാതെയാണ് പൊലീസ് കേസ് അവസാനിപ്പിച്ചതെന്ന് ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് പറഞ്ഞു.
സംഭവത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മന്ത്രിയായിരിക്കെ പ്രസംഗത്തിൽ കുന്തം,കുടചക്രം തുടങ്ങിയ പദപ്രയോഗങ്ങൾ നടത്താനുണ്ടായ സാഹചര്യം പരിശോധിക്കണം. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന് പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പൊലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കിയ കോടതി സംസ്ഥാന ഡിജിപിയുടെ നേതൃത്വത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് ഉത്തരവിടുകയായിരുന്നു.















