മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ബേസിൽ ജോസഫും നസ്രിയ നസീമും ഒന്നിക്കുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
അയൽവാസികളായ രണ്ട് പേരുടെ കഥ പറയുന്ന ചിത്രമാണ് സൂക്ഷ്മദർശിനി.
എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രിയദർശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന നസ്രിയയുടെയും ബേസിലിന്റെയും അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള ഇരുവരുടെയും മറുപടിയും പരസ്പരം ട്രോളുന്ന ശൈലിയുമൊക്കെ ശ്രദ്ധേയമായിരുന്നു. ഇതിനിടെ ഇരുവരും ഒന്നിക്കുന്ന ചിത്രം കാണാനായി ആകാംക്ഷയിലാണ് ആരാധകർ.
ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ.വി.എ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ. വി. അനൂപ് എന്നിവരാണ് ചിത്രം നിർമിച്ചത്. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.















