തിരുവനന്തപുരം: മലയാളികൾ മനസ് അറിഞ്ഞ് നൽകിയ തുക ദുരിതബാധിതർക്ക് നൽകാതെ പിണറായി സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാത്രം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. എന്നാൽ ഇതിൽ നിന്നും തുച്ഛമായ തുക മാത്രമാണ് സർക്കാർ ചെലവഴിച്ചത്. മൂന്ന് മാസം കഴിഞ്ഞിട്ടും ദുരിത ബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഇടത് സർക്കാരിന്റെ ശ്രമം.
906.35 കോടി രൂപയാണ് സിഎംഡിആർഎഫിന്റെ അക്കൗണ്ടിൽ നിലവിലെ ബാലൻസ് വയനാട് ദുരന്തത്തിന് ശേഷം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. 2018-19 ലെ പ്രളയസമയത്ത് 4970.29 കോടി രൂപ എത്തി. പിന്നാലെ വന്ന കൊറോണ മഹാമാരിയിൽ 1129.74 കോടി രൂപയും ലഭിച്ചു. വെബ്സൈറ്റിലെ കണക്ക് പ്രകാരം ആകെ 6763.92 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്.
ഇപ്പോഴും സിഎംഡിആർഎഫിലേക്ക് സഹായം എത്തുന്നുണ്ട്. വയനാടിലെ ദുരിതബാധിതർക്ക് ഏതാണ്ട് പത്ത് കോടിയിൽ താഴെ മാത്രമേ സർക്കാർ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലായ് 30 മുതലാണ് വയനാട് ദുരന്തത്തിനായി പണം സമാഹരിക്കാൻ തുടങ്ങിയത്. ഇലക്ട്രോണിക് പെയ്മെന്റ് വഴി വിവിധ ബാങ്കുകളിലേക്ക് ലഭിച്ച തുകയുടെ കണക്കുകൾ വെബ്സൈറ്റിൽ ഉണ്ടെങ്കിലും യുപിഐ ഐഡി വഴി ലഭിച്ച പണത്തിന്റെ കാര്യത്തിൽ സൈറ്റിൽ വ്യക്തതയില്ല.