മുൻ പ്രണയബന്ധങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നയൻതാര. മുൻകാല ബന്ധങ്ങളിൽ എല്ലാവരും തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നും എന്നാൽ ഒരാൾ പോലും പുരുഷന്മാരോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നും നയൻതാര പറഞ്ഞു. തന്റെ ജീവിതകഥ പറയുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യുമെന്ററിയിലാണ് താരം ഇക്കാര്യം പങ്കുവക്കുന്നത്.
‘എന്നെ കുറിച്ച് ഒരുപാട് മോശം ലേഖനങ്ങളും നെഗറ്റീവ് വാർത്തകളും അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരിക്കലും എന്റെ പാസ്റ്റിനെ കുറിച്ച് ആരോടും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ പലരും അവരുടേതായ രീതിയിൽ കഥകൾ എഴുതാൻ തുടങ്ങി. അതൊക്കെ തെറ്റായതും മോശമായതുമായ വാർത്തകളായിരുന്നു’.
എന്റെ മുൻ പ്രണയബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിനെ കുറിച്ചും എന്തിനാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആരും പുരുഷന്മാരോട് ഒന്നും ചോദിക്കാത്തത്. താൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിച്ചുപോകുമെന്നും നയൻതാര പറഞ്ഞു.
ഒരുമിച്ച് ജീവിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണമെന്ന് മുൻ കാമുകൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. മുൻ കാമുകനായ പ്രഭുദേവയുമായുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ടായിരുന്നു നയൻതാരയുടെ വെളിപ്പെടുത്തൽ.















