തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവ് മാനിച്ച് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്‌ക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പൊലീസ് റിപ്പോർട്ട് ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്ന് സജി ചെറിയാനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെതിരെ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിനാൽ സജി ചെറിയാൻ പദവി രാജി വയ്‌ക്കാൻ തയ്യാറാകണം. മന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ രാജിവെപ്പിക്കണം. അന്ന് രാജി വയ്‌ക്കാനുണ്ടായ സാഹചര്യം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.” വി മുരളീധരൻ പറഞ്ഞു.
കേസ് അന്വേഷിച്ച കേരള പൊലീസ് സജി ചെറിയാന്റെ തെറ്റ് തേച്ച് മായ്‌ക്കാൻ ശ്രമിച്ചു. ഇതിനാലാണ് രാജിവച്ച മന്ത്രി വീണ്ടും പദവി തിരിച്ചുപിടിച്ചത്. എന്നാൽ ഇപ്പോൾ സജി ചെറിയാന് തിരിച്ചടി കിട്ടിയിരിക്കുകയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം സജി ചെറിയാനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മന്ത്രി പദവി രാജി വയ്‌ക്കാൻ സജി ചെറിയാൻ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. വിവാദ പ്രസംഗം നടത്തിയ സമയം മുതൽ സജി ചെറിയാൻ മന്ത്രി പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് ബിജെപി പറഞ്ഞിരുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.















