തൃശൂർ: പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിൻ ദേവസ്വം ബോർഡ് തമ്പുരാൻ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.
തൃശൂർ പൂരം നടത്തിപ്പിൽ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള മേൽക്കൈ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനവുമായി തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്. ഉന്നതാധികാര സമിതി പൂരം നിയന്ത്രിക്കണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആവശ്യം.
പൂരം സംഘാടകരും കൊച്ചിൻ ദേവസ്വം ബോർഡും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ പൂരത്തിന്റെ തുടക്കത്തിൽ പൂരം പ്രദർശനത്തിന്റെ സ്ഥലവാടക വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങളും ഉയർന്നിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് താത്കാലികമായി പരിഹരിച്ചിരുന്നു. എന്നാൽ വാടക വർദ്ധിപ്പിക്കാനാണ് ദേവസ്വം ബോർഡ് ഇപ്പോഴും ശ്രമിക്കുന്നത്. ഇത് കൂടാതെ പൂരത്തിന് ശേഷം മാലിന്യം സംസ്കരിക്കുന്നതിന്റെ പേരിലുള്ള പ്രശ്നങ്ങളും മറുഭാഗത്ത് നിലനിൽക്കുന്നുണ്ട്.