പത്തനംതിട്ട: എരുമേലിയിൽ നിരോധനം ലംഘിച്ചും രാസ സിന്ദൂര വില്പന വ്യാപകമാകുന്നു. രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം പേട്ടതുള്ളലിന് ഉപയോഗിക്കണമെന്ന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് വില്പന. രാസ സിന്ദൂരങ്ങൾ ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നവയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇതിന്റെ വില്പന നിരോധിച്ചത്.
2017 ൽ ഹൈക്കോടതി ഇടപെട്ടാണ് എരുമേലിയിൽ രാസ സിന്ദൂരങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയത്. ഇതിനെത്തുടർന്ന് ദേവസ്വം ബോർഡും പഞ്ചായത്തും ടെൻഡർ വ്യവസ്ഥകളിൽ അടക്കം രാസ സിന്ദൂരം ഉപയോഗിക്കുന്നതിനെതിരെ കർശനമായ വ്യവസ്ഥകൾ കൊണ്ടുവന്നിരുന്നു. കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ വില്പന നടത്തുന്നവരിൽ നിന്നും പിഴയീടാക്കുമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇതിലുണ്ട്.
എന്നാൽ ഈ മണ്ഡലകാലത്തും രാസ സിന്ദൂര വില്പന തകൃതിയായി നടക്കുകയാണ്. ശരീരത്തിന് ഹാനികരമായ ലെഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ഈ സിന്ദൂരത്തിലുണ്ട്. ഇത് ഭക്തരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും ദേവസ്വം ബോർഡ് ഉചിതമായ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിട്ടില്ല.