വലിയ പ്രെമോഷനുമായെത്തി തിയേറ്ററിൽ പ്രതീക്ഷ കൈവിട്ട ചിത്രമായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായ കങ്കുവ.നായകനും നിർമാതാവും സംവിധായകനുമടക്കം പ്രൊമേഷനിൽ രണ്ടായിരം കോടിവരെ നേടുമെന്ന് പ്രവചിച്ച ചിത്രം സത്യത്തിൽ എത്ര നേടിയെന്ന് നോക്കാം. സാക് നിൽക്ക് റിപ്പോർട്ട് പ്രകാരം ചിത്രം റിലീസായി ഏഴ് ദിവസമാകുമ്പോൾ ആഗോള തലത്തിൽ നിന്ന് പോലും നൂറു കോടി സ്വന്തമാക്കാനായിട്ടില്ല.
96 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 73.65 കോടിയും. പ്രതിദിനം കളക്ഷനിൽ കുത്തൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത് 24 കോടിയാണ്. ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ 2.4 കോടി രൂപയാണ് കളക്ഷൻ. 22 കോടിയിലധികം ലഭിച്ചത് ഓവർസീസ് കളക്ഷനിലാണ്. 350 കോടിയോളം ചെലവഴിച്ച് നിർമിച്ച ചിത്രം മുടക്കുമുതൽ പോലും തിരികെ പിടിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അദ്യ ദിവസം തന്നെ ചിത്രം മോശമാണെന്ന് അഭിപ്രായം ഉയർന്നിരുന്നു. സിരുത്തൈ ശിവ, മദൻ കര്‍ക്കി, ആദി നാരായണൻ എന്നിവർ ചേർന്നെഴുതിയ തിരക്കഥ അട്ടർ ഫ്ലോപ്പെന്നാണ് ട്രോളന്മാരുടെ പക്ഷം.അന്തവും കുന്തവുമില്ലാതെ പോകുന്ന തിരക്കഥയിൽ സൂര്യയും മറ്റ് താരങ്ങളും തരംപോലെ വെറുപ്പിക്കുന്നുണ്ടെന്നും അഭിപ്രായം വന്നതോടെ ചിത്രത്തെ ആരാധകരും കൈയൊഴിയുകയായിരുന്നു.
നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാനി, റെഡിൻ കിംഗ്‍സ്ലി, ടി.എം കാര്‍ത്തിക്, ജി.മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ.എസ് രവികുമാര്‍, ഷാജി ചെൻ, ബി.എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരാണ് ബ്രഹ്മണ്ഡാ സിനിമയിൽ മറ്റു താരങ്ങൾ.