കീവ്: യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് റഷ്യ. ICBM ആണ് റഷ്യ തൊടുത്തുവിട്ടത്. ആയിരം ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായാണ് ICBM പ്രയോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ എന്ന ICBM ആദ്യമായാണ് യുക്രെയ്ൻ നഗരത്തിൽ വന്നുപതിക്കുന്നതെന്ന് കീവിലെ വ്യോമസേന അറിയിച്ചു. എന്നാൽ ICBM തൊടുത്തുവിട്ട കാര്യം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
6,000 മുതൽ 9,300 മൈലുകൾ വരെ താണ്ടിയെത്താനുള്ള ശേഷി ICBM മിസൈലിനുണ്ട്. ഉഗ്രപ്രഹരശേഷിയും മിസൈലിന്റെ പ്രത്യേകതയാണ്. കഴിഞ്ഞദിവസം യുക്രെയ്ൻ ATACMS ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചിരുന്നു. വാഷിംഗ്ടൺ യുക്രെയ്ന് കൈമാറിയ ദീർഘദൂര മിസൈലാണ് ATACMS. റഷ്യ-യുക്രെയ്ൻ യുദ്ധ സാഹചര്യം വർദ്ധിപ്പിക്കാനാണ് അമേരിക്ക താത്പര്യപ്പെടുന്നതെന്ന് ഇതിലൂടെ വീണ്ടും വ്യക്തമായതായി മോസ്കോ പ്രതികരിച്ചിരുന്നു.
നിലവിൽ യുക്രെയ്നിലേക്ക് പതിച്ച ICBM ഏതുവിധത്തിലുള്ള മിസൈലാണെന്ന് കണ്ടെത്താൻ പരിശോധനകൾ ആരംഭിച്ചതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ICBM കൂടാതെ RS-26 മിസൈൽ, Kinzhal ഹൈപ്പർസോണിക് മിസൈൽ, ഏഴ് Kh-101 ക്രൂസ് മിസൈൽ എന്നിവ യുക്രെയ്ൻ നഗരങ്ങളിലേക്ക് റഷ്യ തൊടുത്തുവിട്ടിരുന്നു. ഇതിൽ ആറ് Kh-101 ക്രൂസ് മിസൈലുകൾ പ്രതിരോധിക്കാൻ യുക്രെയ്ന് സാധിച്ചുവെന്ന് കീവ് വ്യോമസേന വ്യക്തമാക്കി.