ജോർജ്ടൗൺ: ദ്വിദിന സന്ദർശനത്തിനായി ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ജോർജ്ടൗണിൽ നടന്ന പരിപാടിയിൽ നിരവധി ഇന്ത്യക്കാരാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്.
ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്‌കാരം, പാചകരീതി, ക്രിക്കറ്റ് എന്നിവ ഇരുരാജ്യങ്ങളെയും തമ്മിൽ ആഴത്തിൽ ബന്ധിപ്പിക്കുന്നു. ഗയാനയെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ ഇന്ത്യൻ സമൂഹവും നിർണായക പങ്കുവഹിക്കുന്നുണ്ട്. നിങ്ങൾ രാജ്യത്തിന്റെ ദൂതന്മാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായി ഗയാനയിലെത്തിയ പ്രധാനമന്ത്രിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ് നൽകി രാജ്യം ആദരിച്ചു. ലോകരാജ്യങ്ങളുടെ വളർച്ചയ്‌ക്കായുള്ള സേവനത്തിനും ഇന്ത്യ-ഗയാന ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സംഭാവനകൾക്കുമാണ് പ്രധാനമന്ത്രിക്ക് പുരസ്‌കാരം ലഭിച്ചത്.
കഴിഞ്ഞ ദിവസം ജോർജ്ടൗൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് രാജ്യം നൽകിയത്. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി അഞ്ച് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.















