പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹപാഠികളായ പത്തനാപുരം സ്വദേശിനി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം സ്വദേശിനി അഞ്ജന എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചുട്ടിപ്പാറ എസ്.എസ്.ഇ നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായിരുന്ന അമ്മു സജീവ് നവംബർ 15-നാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. അമ്മു ജീവനൊടുക്കിയെന്നാണ് കോളേജിൽ നിന്നും വിവരം ലഭിച്ചത്. എന്നാൽ അമ്മു ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.
സഹപാഠികൾക്കെതിരെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അമ്മുവിനെ മാനസികമായി തളർത്തിയത് ഇവരാണെന്നും വിദ്യാർത്ഥിനികളെ പിടികൂടി ചോദ്യം ചെയ്യണമെന്നും കുടുംബം പറഞ്ഞു. ഈ സാഹചര്യത്തിലാണ് സഹപാഠികളെ കസ്റ്റഡിയിലെടുത്തത്.