മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിൽ അക്രമി സംഘം പിന്തുടരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്‌കൂട്ടറിനെ ഇടിച്ചു വീഴ്‌ത്തിയത്. രാത്രി 8.45ഓടെയാണ് സംഭവം. യൂസഫും ഷാനവാസും കടയിൽ നിന്ന് ഇറങ്ങിയത് മുതൽ അക്രമികൾ ഇവരെ പിന്തുടർന്നിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നിരിക്കുന്നതെന്ന് പൊലീസും പറയുന്നു.
ഇവരുടെ വീടിന് മുന്നിലെ ഗേറ്റിന് സമീപത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടർ ഇടിച്ചിട്ടതിന് ശേഷം കാറിൽ ഉണ്ടായിരുന്നവർ യൂസഫിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തടിച്ച ശേഷം ബാഗ് തട്ടിപ്പറിച്ച് കാറിൽ തന്നെ കടന്നുകളയുകയായിരുന്നു. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് യൂസഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വാഹനം പിന്തുടരുന്നത് കണ്ടിരുന്നുവെന്നും, എന്നാൽ മോഷണം നടത്താനാണ് പിന്നാലെ കൂടിയതെന്ന് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ജ്വല്ലറി പ്രവർത്തിക്കുന്നത് ഓടിട്ട കെട്ടിടത്തിൽ ആയതിനാൽ ആഭരണങ്ങൾ എന്നും ബാഗിലാക്കി ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് പതിവ്. ഇതേക്കുറിച്ച് അറിയുന്നവരാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. യൂസഫിനേയും ഷാനവാസിനേയും അടുത്ത് അറിയുന്നവരുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടക്കുന്നത്.