പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് 6 പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കുടുംബം. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്ന് കരുതുന്നവരാണിവരെന്നും, ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും കുടുംബം പറഞ്ഞു.
അമ്മു ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ‘ഐ ക്വിറ്റ്’ എന്ന പുസ്തകത്തിൽ എഴുതിയതിലെ കയ്യക്ഷരം അമ്മുവിന്റേതല്ലെന്ന് പിതാവ് പറഞ്ഞു. ഫോണിന്റെ ലോക്ക് മാറ്റിയിട്ടുണ്ടായിരുന്നുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അമ്മുവിന്റെ സഹോദരൻ ആരോപിച്ചു.
അതേസമയം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
ഇവർ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വിദ്യാർത്ഥിനികൾക്കെതിരെ അമ്മു, പ്രിൻസിപ്പലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് അറസ്റ്റ്.















