ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രായത്തെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ മാപ്പ് പറയണമെന്ന് ഡോക്ടർമാരുടെ സംഘടന. ആവശ്യം ഉന്നയിച്ച് അമ്മ സോണിയ്‌ക്ക് നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ ഭാരത് കത്തയച്ചു.
നവംബർ 16 ന് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിലെ രാഹുലിന്റെ പരാമർശമാണ് വിവാദമായത്. പ്രധാനമന്ത്രിക്ക് യുഎസിന്റെ “മുൻ പ്രസിഡൻറിനെ” പോലെ “ഓർമ്മക്കുറവ്” അനുഭവപ്പെടുന്നതായി തോന്നുന്നുവെന്നാണ് 54 കാരമായ രാഹുൽ പറഞ്ഞത്.
മുതിർന്ന വിദേശ രാഷ്‌ട്രത്തലവനെ കുറിച്ചുള്ള രാഹുലിന്റെ വാക്കുകൾ അങ്ങേയറ്റം നിരാശാജനകമാണ്. രാഹുലിന്റെ വാക്കുകൾ വയോജനങ്ങളോടുള്ള അനാദരവാണ്. പ്രായമുള്ളവരോടുള്ള ചിന്താഗതിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മുതിർന്നവരെ ബഹുമാനിക്കുക എന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന് യോജിക്കുന്നതല്ല ഇത്തരം പരാമർശങ്ങൾ. ഇപ്പോഴും പൊതുസമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് രാഹുലിന് ധാരണയില്ലെന്ന് കത്തിൽ അഖിലേന്ത്യാ പ്രസിഡൻറ് സിബി ത്രിപാഠി ചൂണ്ടിക്കാട്ടി.
രോഗാവസ്ഥയെ കുറിച്ചുള്ള തെറ്റായ കിംവന്തിക്ക് ഇരയായ ആളാണ് സോണിയ. അതിനാൽ ഇത്തരം ആഖ്യാനങ്ങൾ വ്യക്തിക്കും, സമൂഹത്തിലെ എത്രത്തോളം ദോഷകരമാകുമെന്ന് നിങ്ങൾക്കറിയാം. മകന്റെ പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കാൻ നിങ്ങളെ കൊണ്ടുകഴിയുമെന്ന് ഉറപ്പുണ്ടെന്നും കത്തിൽ പറയുന്നു.















