കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണലിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസുമായി ബന്ധപ്പെട്ട നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ അറിയിച്ചു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് മാദ്ധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള നടപടി.
ഡിസംബർ ആറിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഉള്ളതുകൊണ്ടാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റിയത്. കേസിൽ കക്ഷിചേരാനായി വഖ്ഫ് സംരക്ഷണ സമിതിയും സത്താർ സേട്ടിന്റെ കുടുംബവും എത്തിയിരുന്നു. എന്നാൽ കക്ഷിചേരാനുള്ള അപേക്ഷ നൽകാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല. ഈ അപേക്ഷകൾ ആറിന് പരിഗണിക്കുമെന്നാണ് വിവരം.
2019-ലാണ് മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. ഭൂമി വിൽപ്പന നടത്തിയ ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി, ഭൂമി വിട്ടുനൽകിയ സത്താർ സേട്ടിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വാദം കേട്ടതിന് ശേഷമായിരുന്നു കോടതി ഉത്തരവ്. തുടർന്ന് വഖ്ഫ് ബോർഡിന്റെ രജിസ്റ്ററിൽ മുനമ്പത്തെ ഭൂമി ചേർക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി ട്രൈബ്യൂണിലിനെ സമീപിച്ചത്.