കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസിനെ വഴിമുടക്കി കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം. കാസർകോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പക്ഷാഘാതം സംഭവിച്ച രോഗിയുമായി പോകുന്നതിനിടെയാണ് കാർ യാത്രക്കാരൻ സൈഡ് കൊടുക്കാതിരുന്നത്.
കെഎൽ 48 കെ 9888 എന്ന നമ്പർ പ്ലേറ്റുള്ള കാറാണ് വഴി തടഞ്ഞ് ഓടിച്ചത്. മഡിയൻ മുതൽ കാഞ്ഞങ്ങാട് വരെ ഏകദേശം നാല് കിലോമീറ്റർ ദൂരത്തോളം കാർ അമിത വേഗതയിൽ ആംബുലൻസിന് മുൻപിലായി ഓടിയിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ മോട്ടോർ വാഹനവകുപ്പിന് പരാതി നൽകി.
നിർത്താതെ ഹോൺ അടിച്ചിട്ടും കാർ വഴി തന്നില്ലെന്നും മറ്റ് വാഹനങ്ങൾ വഴി മാറുമ്പോൾ കാർ മുന്നിൽ പോകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കാർ, കൊടുവള്ളി സ്വദേശി മുഹമ്മദ് സഫ്‌വാന്റേതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.















