ലക്ഷങ്ങൾ വിലവരുന്ന കുങ്കുമപ്പൂവ് വീട്ടിന്റെ മട്ടുപാവിൽ കൃഷി ചെയ്ത് ബിടെക്കുകാരൻ. വയനാട് ബത്തേരി മലവയൽ സ്വദേശി ശേഷാദ്രിയാണ് ഈ ഹൈടെക് കൃഷിക്കാരൻ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള സുഗന്ധവ്യഞ്ജനം നമ്മുടെ നാട്ടിലും കൃഷിചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് യുവാവ്.
ഭാരതത്തിൽ കശ്മീരിൽ മാത്രം കൃഷി ചെയ്യുന്ന കുങ്കുമപ്പൂവാണ് ശേഷാദ്രി വളർത്തിയെടുക്കുന്നത്. വീട്ടിന്റെ ടെറസിൽ എയ്റോപോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി. മണ്ണോ വെള്ളമോ വേണ്ടാത്ത സമ്പദ്രായമാണ് എയ്റോപോണിക്.
കിറ്റ്കോയിൽ എഞ്ചിനിയറായ ശേഷാദ്രി മൂന്ന് മാസം മുമ്പാണ് വീട്ടിന്റെ ടെറസിൽ കൃഷി ആരംഭിച്ചത്. കശ്മീരിലേതിന് സമാനമായ താപനിലയും ഈർപ്പവും വെളിച്ചവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കശ്മീരിൽ തന്നെ പാംപൂർ എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ ഇത് വളർത്തുന്നതെന്ന് ശേഷാദ്രി പറയുന്നു. ആ പ്രദേശത്തെ കാലാവസ്ഥ അതുപോലെ റൂമിലേക്ക് കൊണ്ടുവരികയായിരുന്നു. റെഫ്രിജറേഷൻ യൂണിറ്റിന്റെ സഹായത്തോടെയാണ് താപനില ക്രമീകരിക്കുന്നത്. ഈർപ്പം നിയന്ത്രിക്കാൻ ഹ്യുമിഡിഫയർ. ഡി ഹ്യുമിഡിഫയർ മെഷിനുകൾ ഘടിപ്പിച്ചിട്ടുണ്ട്. ലൈറ്റും കൃത്രിമമായി ഒരുക്കി. കൺട്രോൾഡ് എൻവയോൺമെന്റിൽ ആയതിനാൽ കീടനാശിനികളുടെ ആവശ്യമില്ലെന്നും ശേഷാദ്രി പറഞ്ഞു.
പുനെയിൽ നിന്നാണ് ശേഷാദ്രി കൃഷി രീതി പഠിച്ചെടുത്തത്. വിത്ത് നേരിട്ട് കശ്മിൽ നിന്ന് തന്നെ ശേഖരിച്ചു. കുങ്കുമപ്പുവിന്റ ജനിദണ്ഡുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. ഏകദേശം 150 പൂക്കളിൽ നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കുമപ്പൂ ലഭിക്കുന്നത്. മുന്തിയ ഇനത്തിന് ഗ്രാമിന് 900 രൂപവരെ വിലവരും.