ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളുടെ യാനം നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് അപകടം. ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനോടകം 11 പേരെ രക്ഷപ്പെടുത്തിയതായി നേവി വ്യക്തമാക്കി. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ആറ് ചെറുകപ്പലുകളും ഒരു എയർക്രാഫ്റ്റും ഉപയോഗിച്ചാണ് നേവിയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നത്.
മാർത്തോമ എന്ന് പേരുള്ള മത്സ്യബന്ധന യാനമാണ് അപകടത്തിൽപ്പെട്ടത്. നേവിയുടെ സ്കോർപിയൻ-ക്ലാസ് മുങ്ങിക്കപ്പലുമായി (Scorpene-Class Submarines) കൂട്ടിയിടിക്കുകയായിരുന്നു. ഗോവൻ തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററാണ് (MRCC) കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നിലവിൽ തിരച്ചിൽ നടത്തുന്നത്. തീരദേശ സേനയും രക്ഷാദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ നാവിക ശക്തിയുടെ ഒരു പ്രധാന ഭാഗമാണ് സ്കോർപിയൻ ക്ലാസ് അന്തർവാഹിനികൾ. ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്. അന്തർവാഹിനി യുദ്ധം, ഉപരിതലയുദ്ധം, രഹസ്യാന്വേഷണ ശേഖരണം, മൈനുകൾ സ്ഥാപിക്കൽ, നിരീക്ഷണം ശക്തിപ്പെടുത്തൽ തുടങ്ങി വിവിധ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഇവയ്‌ക്ക് കഴിയും.















