നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ നസീം കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സൂക്ഷ്മദർശിനിക്ക് തിയേറ്ററിൽ വമ്പൻ വരവേൽപ്പ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രം നസ്രിയയുടെ ഒറ്റയാൾ പോരാട്ടമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നസ്രിയ- ബേസിൽ കോംബോയെ ഏറ്റെടുത്തുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
‘പ്രതീക്ഷിച്ചതിനേക്കാൾ മേലെയാണ് സിനിമയെന്നും അവസാന നിമിഷം വരെ ചിത്രം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ബേസിലും നസ്രിയയും ശരിക്കും ഞെട്ടിച്ചുകളഞ്ഞു. രണ്ട് മണിക്കൂർ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. സസ്പെൻസ് ത്രില്ലർ സിനിമയാണിത്. ഒരു ഹോളിവുഡ‍് സിനിമ കണ്ടതിന്റെ പ്രതീതിയാണ്.
സിനിമയുടെ സംഗീതമായാലും കാമറ ആയാലും എല്ലാം വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ- നസ്രിയ കോംബോ നന്നായി വർക്കായിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ടുമടുത്ത പ്രേക്ഷകർക്ക് സൂക്ഷ്മദർശിനി പുത്തൻ ദൃശ്യവിരുന്ന് നൽകി.
ചെറിയൊരു സൂചന പോലും തരാതെയാണ് ചിത്രം ക്ലൈമാക്സ് വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയത്. ബേസിലിനെയും നസ്രിയയെയും ഇതുവരെ പ്രേക്ഷകർ കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
നസ്രിയയുടെ ഗംഭീര തിരിച്ചുവരവാണ് ഈ സിനിമ. ബേസിൽ ട്രാക്ക് മാറ്റി പിടിച്ചു. നല്ല കഥയും മേക്കിംഗും, ഒട്ടു വിചാരിക്കാത്ത രീതിയിലാണ് കഥ പോകുന്നത്. നസ്രിയയുടെ നാല് വർഷത്തിന് ശേഷമുളള ഞെട്ടിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രേക്ഷകർ പറയുന്നു.
ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ.വി.എ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ. വി. അനൂപ് എന്നിവരാണ് ചിത്രം നിർമിച്ചത്. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.