തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് തകർന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ജീവനക്കാർ രംഗത്ത്. അനക്‌സ് വൺ കെട്ടിടത്തിന് മുൻപിൽ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
ജീവനക്കാരുടെ ജീവന് എന്ത് വില? തുടങ്ങിയ പ്ലക്കാർഡുകളും ബാനറുകളുമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ പ്രതിഷേധിച്ചത്. ക്ലോസറ്റിന്റെ ശോചാനീയവസ്ഥയെ കുറിച്ച് അധികൃതർക്ക് നേരത്തെ വിവരം നൽകിയിരുന്നെങ്കിലും ഇതിൽ ഒരു നടപടികളും സ്വീകരിച്ചില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പോ ഹൗസ്‌കീപ്പിംഗ് വിഭാഗമോ ടോയ്‌ലറ്റിൽ അറ്റകുറ്റപ്പണികൾ നടത്താനെത്തിയില്ല.
മന്ത്രിമന്ദിരങ്ങൾ മോടിപ്പിടിപ്പിക്കാനും, എംഎൽഎ ഓഫീസുകളിൽ അറ്റകുറ്റപ്പണികൾ നടത്താനും അധികൃതർ കോടികൾ ചെലവഴിക്കുന്നു. എന്നാൽ സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന കെട്ടിടങ്ങളിലെ ശോചനീയാവസ്ഥ പരിശോധിക്കാനോ പരിഹരിക്കാനോ അധികൃതർ മുൻകൈ എടുത്തില്ലെന്നും ജീവനക്കാർ രൂക്ഷമായി വിമർശിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അനക്‌സ് വണ്ണിലെ ടോയ്‌ലറ്റ് തകർന്ന് വീണ് ജീവനക്കാരിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. മുറിവിൽ 8 ഓളം തുന്നലുകളുണ്ട്. ഉദ്യോഗസ്ഥയുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.















