സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച പ്രതിഫലം കൊണ്ട് നടൻ മേഘനാഥൻ വാങ്ങിയത് ആഢംബര കാറല്ല, ഒരു ട്രാക്ടറാണ്. കാരണം നടൻ എന്നതിലുപരി നല്ലൊരു കർഷകനായിരുന്നു അദ്ദേഹം. സിനിമയില്ലാത്ത സമയത്ത് അമ്മയ്‌ക്ക് പാരമ്പര്യമായി ലഭിച്ച ഷൊര്‍ണ്ണൂരിലെ പാടത്ത് കൃഷിയിറക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
കർഷകനായ മേഘനാഥനെ കുറിച്ച് അദ്ദേഹം മുൻപ് പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. സിനിമയുടെ തിരക്കുകൾക്കിടയിലും വീട്ടിൽ എത്തുമ്പോൾ അച്ഛൻ ബാലൻ കെ നായരും പാടത്ത് ഇറങ്ങുമായിരുന്നു. അങ്ങനെയാണ് മേഘനാഥന് കൃഷിയോട് സ്നേഹം വരുന്നത്. നാട്ടുകാർക്ക് ഉണ്ണിയാണ് മേഘനാഥൻ.
” വർഷത്തിൽ നാലോ അഞ്ചോ സിനിമയാണ് ആകെ ചെയ്യാറ്. അതും ചെറിയ വേഷങ്ങൾ ആയത് കൊണ്ട് ഒരാഴ്ചയിൽ താഴേയെ വർക്ക് കാണൂ. ബാക്കിയുള്ള ദിവസം വെറുതെ ഇരിക്കുകയാണോ എന്നാണ് പലരുടെയും സംശയം. എന്റെ അച്ഛന്റെ വീട് കോഴിക്കോടും അമ്മയുടെ വീട് ഷൊര്‍ണൂരെ വാടാനംകുറിശ്ശിയുമാണ്.
ഞാൻ ഷൊർണ്ണൂരിലാണ് താമസം. എന്റെ അമ്മയ്‌ക്ക് നെൽവയലുകൾ ഓഹരിയായി കിട്ടിയിട്ടുണ്ട്. ഞാൻ കുട്ടിയായിരിക്കുമ്പോഴേ അതിലെ കൃഷി കണ്ടാണ് വളർന്നത്. സമയം കിട്ടുമ്പോഴെല്ലാം ഞാനും പാടത്ത് ഇറങ്ങും. ഇപ്പോൾ ഞാനാണ് കൃഷി നടത്തുന്നത്. തെങ്ങും കവുങ്ങും റബ്ബറും കുരുമുളകും നെല്ലും ഉണ്ട്. ഞാന്‍ വാങ്ങിയ എന്റെ ആദ്യത്തെ വാഹനം ട്രാക്ടറാണ്. അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്. നാലഞ്ച് ഏക്കര്‍ കൃഷിയിടമുണ്ടെന്നും മേഘനാഥൻ പറഞ്ഞിരുന്നു.















