ന്യൂഡൽഹി: വിദേശസന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി 31 ഉഭയകക്ഷി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ജി20 ഉച്ചകോടിക്കായി ഇന്ത്യയിൽ നിന്ന് പുറപ്പെട്ട നരേന്ദ്രമോദി, നവംബർ 16 മുതൽ 21 വരെയുള്ള ദിവസങ്ങൾക്കിടെ നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും 31 ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നൈജീരിയയിൽ ഒന്നും ഗയാനയിൽ ഒമ്പതും ശേഷിക്കുന്ന ചർച്ചകൾ ബ്രസീലിലുമാണ് നടത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ബ്രസീലിൽ സംഘടിപ്പിച്ച ജി20 ഉച്ചകോടിക്കിടെയാണ് ഏറ്റവും കൂടുതൽ ലോകനേതാക്കളെയും അന്താരാഷ്‌ട്ര സംഘടനകളുടെ മേധാവിമാരെയും കാണാൻ കഴിഞ്ഞത്.
നൈജീരിയയിൽ പ്രസിഡന്റ് ബോല അഹമ്മദ് തിൻബുവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ശേഷം റിയോ ഡി ജനേറോയിൽ എത്തിയപ്പോൾ ബ്രസീൽ, ഇന്തോനേഷ്യ, പോർച്ചുഗൽ, ഇറ്റലി, നോർവേ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ തലവന്മാരുമായി ഉഭയകക്ഷി ചർച്ച നടത്തി.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയ് എന്നിവരുമായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
കൂടാതെ പല രാഷ്‌ട്രനേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. സിംഗപ്പൂർ, സൗത്ത് കൊറിയ, ഈജിപ്ത്, യുഎസ്, സ്പെയിൻ എന്നി രാജ്യങ്ങളുടെ നേതാക്കളുമായും യുറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ, ഐക്യരാഷ്‌ട്രസഭയുടെ തലവൻ അന്റോണിയോ ഗുട്ടറസ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ മേധാവി ഗ്യോസി ഒകൻചോ ഇവേല, ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനം, അന്താരാഷ്‌ട്ര നാണ്യനിധിയുടെ മേധാവികളായ ക്രിസ്റ്റലീന, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി ചർച്ച നടത്തി. ഗയാനയിലെത്തിയ മോദി ഡൊമിനിക്ക, ബഹാമസ്, ട്രിനിഡാഡ് ടൊബാഗോ, സുരിനാം, ബാർബഡോസ്, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ഗ്രെനഡ, സെൻ്റ് ലൂസിയ എന്നീ രാജ്യങ്ങളിലെ നേതാക്കളെയും കണ്ട് സംസാരിച്ചു.