ഭക്ഷണപ്രേമികളിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നടി തമന്ന ഭാട്ടിയ. വിവിധയിടങ്ങളിലെ ഭക്ഷണങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന തമന്ന ഇതിന്റെയെല്ലാം വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ ലക്‌നൗവിലെ ഭക്ഷണ വിശേഷങ്ങളാണ് തമന്ന ഇപ്പോൾ ആരാധകരുമായി പങ്കുവയ്‌ക്കുന്നത്.
‘ലക്‌നൗവിൽ വന്നിട്ട് ഈ ഭക്ഷണം കഴിക്കാതെ പോകുന്നത് എങ്ങനെ’? എന്ന അടിക്കുറിപ്പോടെയാണ് തമന്ന ചിത്രങ്ങൾ പങ്കുവച്ചത്. ലക്‌നൗവിലെത്തുന്ന ഏതൊരു ഭക്ഷണപ്രേമിയും ആദ്യം കഴിച്ചു നോക്കാൻ ഇഷ്ടപ്പെടുന്ന മലൈ മഖാൻ എന്ന സ്വാദിഷ്ടമായ ഭക്ഷണമാണിത്. ലക്‌നൗവിന് പുറമെ കാൺപൂരിലും, വാരാണസിയിലും ഏറെ പ്രചാരത്തിലുള്ള ഭക്ഷണമാണിത്. തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഭക്ഷണമാണിതെന്നും തമന്ന പറയുന്നു.

ഇതിന് മുൻപും ഇത്തരത്തിൽ നിരവധി ഭക്ഷണങ്ങളുടെ വീഡിയോയും ചിത്രങ്ങളും തമന്ന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മധുരക്കിഴങ്ങ് കൊണ്ട് ‘ ചാറ്റ്പാറ്റ’ ഉണ്ടാക്കുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. ഒരിക്കലെങ്കിലും ഈ ഭക്ഷണം കഴിക്കണമെന്നായിരുന്നു അന്ന് താരം പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നത്. തമന്നയുടെ വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആരാധകരും ഭക്ഷണപ്രേമികളും അവർക്കിഷ്ടപ്പെട്ട മറ്റ് ഭക്ഷണങ്ങളും പരാമർശിച്ചിരുന്നു.















