മുംബൈ: കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി ബിജെപി നേതാവ് വിനോദ് താവ്ഡെ. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറായിക്കോളൂവെന്ന് ബിജെപി നേതാവ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. വോട്ടിന് കോഴ നൽകിയെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ച സാഹചര്യത്തിലാണ് വിനോദ് താവ്ഡെയുടെ പ്രതികരണം. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് എന്നിവർക്കാണ് വിനോദ് താവ്ഡെ ലീഗൽ നോട്ടീസ് അയച്ചത്.
മുംബൈയിലെ പാൽഘർ ജില്ലയിലുള്ള വിരാറിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ വച്ച് വോട്ടർമാരെ ആകർഷിക്കാൻ വിനോദ് താവ്ഡെ അഞ്ച് കോടി രൂപ വിതരണം ചെയ്‌തെന്നായിരുന്നു ബഹുജൻ വികാസ് അഘാഡി (ബിവിഎ) നേതാവ് ഹിതേന്ദ്ര താക്കൂറിന്റെ ആരോപണം. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംഭവം നടന്നത്. ആരോപണമുന്നയിച്ച് ബിവിഎ പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയിരുന്നു. വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച അഞ്ച് കോടി രൂപയുമായി വിനോദ് താവ്‌ഡെയെ പിടികൂടിയതായി ഖാർഗെയും രാഹുലും സുപ്രിയയും ശ്രീനേറ്റും പറഞ്ഞിരുന്നു.
എന്നാൽ ഹോട്ടലിൽ കണ്ടെത്തിയ പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വിനോദ് താവ്ഡെ പ്രതികരിച്ചത്. തന്നെയും തന്റെ പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമാണിതെന്നും ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചെന്നും താവ്ഡെ പ്രതികരിച്ചു. ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. കഴിഞ്ഞ 40 വർഷത്തിനിടെയുള്ള രാഷ്‌ട്രീയ പ്രവർത്തനത്തിനിടെ നിലവിട്ട് പെരുമാറിയിട്ടില്ല. ഇപ്പോഴത്തെ കോൺഗ്രസ് ആരോപണം തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. മാദ്ധ്യമങ്ങളോടും ജനങ്ങളോടും നുണ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ്. അതിനാൽ അവർ പരസ്യമായി മാപ്പ് പറയണം, അതിനു തയ്യാറല്ലെങ്കിൽ നിയമ നടപടി നേരിടണമെന്നും വിനോദ് താവ്ഡെ വ്യക്തമാക്കി.















