ലണ്ടനിൽ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമാണോ അതോ അപകടം സംഭവിച്ചതിന്റെ ഭാഗമായി പൊട്ടിത്തെറിയുണ്ടായതാണോയെന്നാണ് വ്യക്തമാകേണ്ടത്. കൂടുതൽ വിശദാംശങ്ങൾ മെട്രോപൊളിറ്റൻ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സെൻട്രൽ ലണ്ടനിലാണ് യുഎസ് എംബസി സ്ഥിതിചെയ്യുന്നത്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയിലാണ് എംബസി നിലകൊള്ളുന്നത്. ഇവിടെ ഭീകരാക്രമണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എംബസിക്ക് സമീപമുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൽ പൊലീസ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് യുഎസ് എംബസി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
യുക്രെയ്ൻ-റഷ്യ സംഘർഷവും, ഇസ്രായേൽ-ഹമാസ്-ഹിസ്ബുള്ള സംഘർഷവും നിലനിൽക്കുന്നതിനാൽ സ്ഫോടനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് സുരക്ഷാ ഏജൻസികൾ അറിയിക്കുന്നത്.















