തൃശൂർ: വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു. ചാലക്കുടി അതിരപ്പള്ളി കണ്ണംകുഴിയിലാണ് സംഭവം. രണ്ട് വനപാലകർക്ക് പരിക്കേറ്റു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കായംകുളം ചേരാവള്ളി ലിയാൻ മൻസിൽ റിയാസ്, ഫോറസ്റ്റ് വാച്ചർ വെറ്റിലപ്പാറ കിണറ്റിങ്കൽ ഷാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുണ്ടൂർമേടിൽ മൂന്ന് ദിവസത്തെ ഉൾവന പരിശോധനാ ക്യാമ്പ് കഴിഞ്ഞ് തിരിച്ച് വരുന്നവഴി കണ്ണംകുഴി സ്റ്റേഷൻ പരിധിയിലെ ബടാപാറക്കടുത്തായിരുന്നു സംഭവം. ജീപ്പ് വളവ് തിരിഞ്ഞ് വരികയായിരുന്നു. ഇതിന് മുന്നിലൂടെ കാട്ടാനയെത്തി ജീപ്പ് ഇടിച്ചിടുകയായിരുന്നു. ആദ്യത്തെ ഇടിയിൽ തന്നെ റിയാസ് തെറിച്ചുവീണു. ഇതിനിടയിൽ ആനയുടെ ചവിട്ടേറ്റ് ഇയാൾക്ക് ഗുരുരതമായി പരിക്കേറ്റു. ജീപ്പിന്റെ കമ്പിയിലിടിച്ചാണ് ഷാജുവിന് പരിക്കേറ്റത്.
ഏകദേശം അഞ്ചോളം തവണ ജീപ്പ് കുത്തി മറിച്ചിട്ട ശേഷമാണ് ആന കാട്ടിലേക്ക് കയറിപ്പോയത്. സംഭവമറിഞ്ഞ് വനം വകുപ്പിന്റെ ജീപ്പിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.