മോസ്‌കോ: യു്‌ക്രെയ്‌നിലേക്ക് ഹൈപ്പർസോണിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് പുടിന്റെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം നടത്താനുള്ള യുഎസിന്റേയും ബ്രിട്ടന്റേയും നീക്കങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും പുടിൻ പറയുന്നു. അതേസമയം റഷ്യയുടെ ഭാഗത്ത് നിന്നുള്ള പുതിയ ഭീഷണിയെ പ്രതിരോധിക്കാൻ അത്യാധുനിക രീതിയിലുള്ള വ്യോമ പ്രതിരോധ സംവിധാനം ലഭ്യമാക്കണമെന്ന് സെലൻസ്‌കി സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മിസൈൽ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുക്രെയ്ൻ പാർലമെന്റ് അടച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരുടേയും പ്രസ്താവനകൾ. പുതിയ മിസൈലിന്റെ കൂടുതൽ പരീക്ഷണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്. റഷ്യയ്‌ക്കെതിരായി സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പരീക്ഷണങ്ങൾ തുടരുമെന്നാണ് സൈനിക മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുടിൻ അറിയിച്ചത്. ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ആക്രമണത്തെക്കുറിച്ച് അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകേണ്ട ബാധ്യതയില്ലെന്നും, എന്നാൽ വിക്ഷേപണത്തിന് മുപ്പത് മിനിറ്റുകൾക്ക് മുൻപ് തന്നെ യുഎസിനെ ഇക്കാര്യം അറിയിച്ചിരുന്നതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.റഷ്യയിൽ നിന്നും 700 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ഡിനിപ്രോയിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും, കെട്ടിടങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ ഭീഷണികൾ അവഗണിക്കാനാകുന്നതല്ലെന്നും, റഷ്യയുടെ ഭ്രാന്ത് പിടിച്ച പുതിയ നീക്കമാണിതെന്നും സെലൻസ്‌കി വിമർശിച്ചു.