പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പല്ലശ്ശന ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പുലർച്ചെ ക്ഷേത്രത്തിലെത്തിയ കൃഷ്ണകുമാർ പ്രത്യേക പൂജകളിലും പങ്കെടുത്തു. 5000 വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലും കൃഷ്ണകുമാറിന് ലഭിക്കുമെന്നാണ് ബിജെപി ക്യാമ്പുകൾ പറയുന്നത്.
പല്ലശ്ശനയിൽ നിന്നും മറ്റ് രണ്ട് ക്ഷേത്രങ്ങളിൽ കൂടി കൃഷ്ണകുമാർ ദർശനം നടത്തും. അതിന് ശേഷമായിരിക്കും ബിജെപിയുടെ ഓഫീസിൽ എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ദീപാവലി സമ്മാനമായിരിക്കും പാലക്കാട്ടെ ബിജെപിയുടെ വിജയമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
പാലക്കാട് വരുമ്പോഴെല്ലാം പല്ലശ്ശന ദേവി ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. ഇത്തവണ ബിജെപി വിജയിക്കുമെന്ന പൂർണ ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും 5,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ബിജെപി നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതിയത്. 70.51 ശതമാനമായിരുന്നു
പാലക്കാട്ടെ പോളിംഗ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മൂന്ന് ശതമാനം കുറവായിരുന്നു. എന്നാൽ ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോളിംഗ് ഉയർന്നത് വലിയ പ്രതീക്ഷയാണ് പാർട്ടിക്ക് നൽകുന്നത്.