തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആക്രമണം നടത്തിയ പത്തനംതിട്ട സ്വദേശി ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ അക്ബർ ഷായെയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്ബർ ഷാ ചികിത്സയിലാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയ്‌ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് യുവതിയെയും കൂട്ടി അക്ബർ ഷാ ആശുപത്രിയിലെത്തിയത്. യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അർദ്ധരാത്രിയോടെ കയ്യിൽ മുറിവേറ്റ നിലയിലാണ് പ്രതി ലിജു ആശുപത്രിയിൽ വന്നത്. തുടർന്ന് ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെയാണ് അക്ബർ ഷായുടെ ഭാര്യയെയും ഇയാൾ അസംഭ്യം പറഞ്ഞത്. ഇത് അക്ബർ ഷാ ചോദ്യം ചെയ്തിരുന്നു.
സംഭവത്തിന് ശേഷം പുറത്തേക്ക് പോയ പ്രതി കത്രിക പോലുള്ള ആയുധവുമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അക്ബർ ഷായുടെ നെഞ്ചിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ യുവാവിന്റെ ശ്വാസകോശത്തിന് മുറിവേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വർക്കല ക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.