ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുആർ പ്രദീപ്. സിപിഎം കോട്ടയായ ചേലക്കരയിൽ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപിന്റെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രമ്യാ ഹരിദാസിന് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയെങ്കിലും ഫലമുണ്ടായില്ല. ലോക്സഭയ്‌ക്ക് പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തോൽവി ഏറ്റുവാങ്ങി മടങ്ങുകയാണ് രമ്യ. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് കാണിക്കേണ്ട മിനിമം മര്യാദ പാലിക്കാൻ സിപിഎം മറക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ നിന്ന് ദൃശ്യമായത്.
വോട്ടെണ്ണൽ പൂർത്തിയായതോടെ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു രമ്യ ഹരിദാസിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുനിർത്തി. യുആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയ സിപിഎം പ്രവർത്തകരായിരുന്നു രമ്യയെ തടഞ്ഞത്. തോറ്റ സ്ഥാനാർത്ഥിയെ പരിഹസിക്കാനായിരുന്നു സിപിഎം പ്രവർത്തകരുടെ ശ്രമം. രമ്യയെ അപമാനിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വാഹനം കടത്തിവിടുകയായിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന കുട്ടിസഖാക്കളെപ്പോലെ പക്വതയില്ലാതെ പെരുമാറിയ സിപിഎം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുകയാണ്.
അതേസമയം ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നേട്ടം കൊയ്തിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ പതിനായിരത്തോളം വോട്ട് വർദ്ധിപ്പിക്കാൻ ബിജെപിയുടെ കെ. ബാലകൃഷ്ണന് സാധിച്ചു. 33,609 വോട്ടുകളാണ് ചേലക്കരയിൽ ബിജെപി നേടിയത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രമ്യ ഹരിദാസ് 52,626 വോട്ടുകളിൽ ഒതുങ്ങി. 64,827 വോട്ടുകളാണ് സീറ്റ് സ്വന്തമാക്കിയ യുആർ പ്രദീപ് പെട്ടിയിലാക്കിയത്.