മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ ലീഡ് നേടി മുന്നേറുമ്പോൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. മഹാരാഷ്‌ട്രയിൽ ബിജെപി വൻ ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നതെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ബിജെപിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് പുറത്തുവരുന്ന ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജനങ്ങൾ ബിജെപിക്കൊപ്പമുണ്ടെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. വീണ്ടും വീണ്ടും ജനങ്ങളുടെ അനുഗ്രഹം ലഭിക്കുമ്പോൾ അഭിമാനം തോന്നുകയാണ്. മഹാരാഷ്‌ട്രയിൽ ഇത്തവണയും ബിജെപി വലിയ ഭൂരിപക്ഷം നേടി ഉയർന്നുവരും. ബിജെപിയുടെ അഭിമാന നിമിഷമാണിത്.
നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ നൽകാനാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേതാക്കളും ശ്രമിക്കുന്നത്. രാജ്യം വിഭജിച്ച് ഭരിക്കുക എന്നതാണ് കോൺഗ്രസിന്റെ ആശയം. അത് മനസിലാക്കിയതുകൊണ്ടാണ് ജനങ്ങൾ എൻഡിഎ സർക്കാരിനൊപ്പം നിൽക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് വിജയകുതിപ്പിലേക്ക് പായുകയാണ് മഹായുതി സഖ്യം. ആകെയുള്ള 288 സീറ്റിൽ 217 ലും മഹായുതിയാണ് ലീഡ് ചെയ്യുന്നത്. 58 സീറ്റുകളിൽ മഹാവികാസ് അഘാഡിയും ലീഡ് ചെയ്യുന്നുണ്ട്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.















