മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവിജയം നേടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ”നമ്മൾ ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്” എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. മഹാരാഷ്‌ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും ഒരു ഘട്ടത്തിലും പിന്നോട്ട് പോയില്ല.
കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകൾ മാത്രം മതിയെന്നിരിക്കെ 225 സീറ്റുകളിലാണ് മഹായുതി മുന്നേറ്റം തുടരുന്നത്. ഭരണം പിടിക്കുമെന്ന അവകാശവാദങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ മഹാവികാസ് അഘാഡി 55 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. 2019ൽ എൻഡിഎ 187 സീറ്റുകളും പ്രതിപക്ഷം 72 സീറ്റുകളുമാണ് നേടിയത്.
ശിവസേനയും എൻഡിഎയും പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ആയതിനാൽ ഇരുകൂട്ടർക്കും ഇത് അഭിമാനപോരാട്ടം കൂടിയായിരുന്നു. ബാലാസാഹെബ് താക്കറെയുടെ യഥാർത്ഥ പിന്മുറക്കാരൻ ആരെന്നത് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നാണ് ശിവസേനയിലെ ഇരുപക്ഷവും അവകാശപ്പെട്ടിരുന്നത്. നിലവിൽ ശിവസേന ഉദ്ധവ് പക്ഷത്തിന് 19 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ബിജെപി 2019ൽ 105 സീറ്റുകളിലാണ് വിജയിച്ചത്. ഇക്കുറി അത് 127 സീറ്റുകളിലേക്കായി ഉയർന്നിട്ടുണ്ട്.