ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥി എൻ.കെ മുനീർ. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്‌ട്രീയത്തിൽ ശക്തമായ സ്വാധീനമായി മാറുമെന്ന അവകാശവാദവുമായിട്ടാണ് അൻവർ പാർട്ടി സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കിയത്. അതുവഴി ഏത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനാണ് അൻവർ ലക്ഷ്യമിട്ടിരുന്നത്.
ഫലം വന്നപ്പോൾ 3920 വോട്ടുകൾ മാത്രമാണ് അൻവറിന്റെ സ്വന്തം സ്ഥാനാർത്ഥിക്ക് കിട്ടിയത്. എന്നാൽ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് 3920 വോട്ടുകൾ നേടാനായത് അഭിമാനമാണെന്നാണ് അൻവർ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പിണറായിസത്തിനെതിരെ സംസാരിക്കുന്നതിനുള്ള വോട്ടുകളാണ് അതെന്നും അൻവർ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരി വയ്‌ക്കുന്ന റിസൽട്ടുകളാണ് മൂന്ന് ഇടങ്ങളിലും പ്രതീക്ഷിച്ചതെന്നും, വോട്ടർമാർക്ക് ഡിഎംകെയുടെ നന്ദി അറിയിക്കുന്നതായും അൻവർ കൂട്ടിച്ചേർത്തു.
ചേലക്കരയിൽ നിർണായക ശക്തിയായി മാറാൻ കഴിയുമെന്നും, യുഡിഎഫിന്റെ രമ്യ ഹരിദാസിന് പകരം തന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് ഇതിന് വഴങ്ങിയില്ല. എൽഡിഎഫ്, യുഡിഎഫ് വോട്ടുകൾ തമ്മിൽ വലിയ അന്തരമില്ലെങ്കിൽ അത് വച്ച് ഭാവിയിൽ വിലപേശൽ നടത്തുക എന്ന സമ്മർദ്ദതന്ത്രം പുറത്തെടുക്കാനായിരുന്നു അൻവറിന്റെ ശ്രമം.
സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് അൻവർ പാർട്ടി വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് കൊണ്ടാണ് അൻവർ ചേലക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത്. എന്നാൽ ചേലക്കരയിൽ ആദ്യഘട്ടം മുതൽ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിട്ട് നിന്നിരുന്നു.