മടിക്കേരി: ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയ്‌ക്കും ജനറൽ തിമ്മയ്യയ്‌ക്കുമെതിരായ അപകീർത്തികരമായ പ്രസ്താവനകൾ പ്രചരിക്കുന്നതിൽ കർണാടകയിൽ പ്രതിഷേധം പുകയുന്നു.
ഭാരതീയ സൈനിക ചരിത്രത്തിലെ വീരേതിഹാസങ്ങളായ കരിയപ്പയ്‌ക്കും ജനറൽ തിമ്മയ്യയ്‌ക്കുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ വെള്ളിയാഴ്ച രാവിലെമുതൽ ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഈ സന്ദേശം അയച്ചത് ഒരു അജ്ഞാതനാണ്.നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത് ഷെയർ ചെയ്യപ്പെട്ടു.
കുടക് നിവാസികളും വിവിധ കൊടവ സമുദായങ്ങളും ഈ സന്ദേശങ്ങളെ ശക്തമായി അപലപിച്ചു. സോഷ്യൽ മീഡിയയിൽ പ്രസ്താവന ഇറക്കിയ വ്യക്തിക്കെതിരെ കർശന നടപടി വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കൊടവ സംഘടനകളും ജില്ലയിലെ നിവാസികളും പ്രസ്താവനയെ അപലപിച്ചെങ്കിലും പ്രചാരണം തുടർന്നു.
പല പോലീസ് സ്റ്റേഷനുകളിലും വിവിധ കൊടവ സൊസൈറ്റികൾ പരാതി നൽകിയിട്ടുണ്ട്. എംപി യദുവീർ വോഡയാർ ഉൾപ്പെടെ നിരവധി വ്യക്തികളും സംഘടനകളും അപകീർത്തികരമായ ഈ സന്ദേശത്തെ അപലപിച്ചു.
രാജ്യത്തിന്റെ പുരോഗതിക്കും പ്രതിരോധത്തിനും സംഭാവന നൽകിയ ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ തുടങ്ങിയ കുടകിലെ ധീര ജവാന്മാർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ കുബുദ്ധികൾക്കെതിരെ നടപടിയെടുക്കണമെന്ന് യദുവീർ ആവശ്യപ്പെട്ടു.അവരെ അങ്ങേയറ്റം ബഹുമാനിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും യദുവീർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊടവ മക്കട കൂട്ട, കൊടവ സാഹിത്യ അക്കാദമി, എന്നിവയും സംസ്ഥാനത്തുടനീളമുള്ള വിവിധ കൊടവ സൊസൈറ്റികളും ആവശ്യപ്പെട്ടു. കൊടവ സമാജവും ബി.ജെ.പിയുടെ കുടക് ജില്ലാ ഘടകവും ഉൾപ്പെടെ നിരവധി സംഘടനകൾ ഇത് സംബന്ധിച്ച് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.















