വയനാട്: ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയത്തിന് പിന്നാലെ അതിരുവിട്ട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം. ആവേശക്കൊടുമുടിയിൽ നിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെ തീപ്പൊരി വീണ് കുട്ടികൾക്ക് പൊള്ളലേറ്റു. രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്.
കൽപ്പറ്റയിൽ ആഹ്‌ളാദ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ചുങ്കത്ത് നിന്ന് ആരംഭിച്ച വിജയാഹ്‌ളാദം നഗരത്തിലൂടെ പോകുന്നതിനിടെയാണ് പ്രവർത്തകർ തിരക്ക് നോക്കാതെ പടക്കം പൊട്ടിച്ചത്. ഇതോടെ യുഡിഎഫ് പ്രവർത്തകനൊപ്പം നിന്ന രണ്ട് കുട്ടികളുടെ ശരീരത്തിലേക്ക് പടക്കം തെറിച്ചുവീഴുകയായിരുന്നു.
10 വയസിന് താഴെയുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വേദനിച്ച് കുട്ടികൾ കരയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.