മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മുംബൈ ടാറ്റ ഹോസ്പിറ്റൽ. ചിട്ടയായ ഭക്ഷണത്തിലൂടെ ഭാര്യ സ്റ്റേജ് 4 കാൻസറിനെ അതിജീവിച്ചെന്ന സിദ്ദുവിന്റെ വാക്കുകളാണ് വിവാദമായത്. നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് ഭാര്യ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിദ്ദു പറഞ്ഞത്. മുന്‍ എംഎല്‍എ കൂടിയായ നവജ്യോത് കൗര്‍ സ്താർബുദ ബാധിതയായിരുന്നു.
ഇത്തരം തെറ്റായ പ്രചാരണങ്ങൾ രോഗികളെ വഴിതെറ്റിക്കുമെന്ന് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അശാസ്ത്രീയ രീതികളുടെ പിറകേ പോകുന്നത് ചികിത്സ തേടുന്നത് വൈകാൻ ഇടയാക്കും. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം രീതികൾ പിന്തുടരരുതെന്നും ഡോക്ടർമാർ പറഞ്ഞു.
സാധാരണ ഭക്ഷണം ഒഴിവാക്കി തുളസിയില, പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, നെല്ലിക്ക, ബീറ്റ്‌റൂട്ട്, വാല്‍നട്ട്, വേപ്പ് എന്നിവയാണ് ഭാര്യ പ്രധാനമായും കഴിച്ചത്. അത്താഴത്തിന് ക്വിനോവ (ഒരുതരം കടല വര്‍ഗ്ഗം) മാത്രമാണ് നല്‍കിയിരുന്നത്. കൂടാതെ വെളിച്ചെണ്ണ, അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവയില്‍ പാചകം പരിമിതപ്പെടുത്തി. 7 പിഎച്ച് ലെവല്‍ ഉള്ള വെള്ളം മാത്രമാണ് കുടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.















