വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനയിയായ ടെസ്‌ലയുടെ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ഈ നേട്ടം സ്വന്തമായത്. തെരഞ്ഞെടുപ്പ് വേളകളിൽ ട്രംപിന്റെ റാലികളിൽ പങ്കെടുത്ത് റിപ്പബ്ലിക്കൻ നേതാവിനെ പരസ്യമായി പിന്തുണച്ചിരുന്ന ആളാണ് മസ്‌ക്.
പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ ചെയർമാനായി മസ്കിനെ നിയമിക്കുകയും ചെയ്തിരുന്നു. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദിവസം ഓഹരി വിപണി വ്യാപരം അവസാനിപ്പിക്കുമ്പോൾ ഇലോൺ മസ്കിന്റെ ആസ്തി 321.7 ബില്യൺ ഡോളറായിരുന്നു. ഇവിടെ നിന്നുമാണ് ടെസ്‌ല ഓഹരികൾ 3.8 ശതമാനം ഉയർന്ന് ഏറ്റവും ഉയർന്ന നിരക്കായ 352.56 ബില്യൺ ഡോളറിലെത്തിയത്.
ആസ്തിയിൽ സമ്പന്നരുടെ പട്ടികയിലുള്ള തന്റെ സുഹൃത്തും ഒറാക്കിൾ ചെയർമാനുമായ ലാരി എല്ലിസണെക്കാൾ മസ്കിന് 80 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ട്. 235 ബില്യൺ ഡോളറാണ് ലാരിയുടെ ആസ്തി. മസ്കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും 145 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്‌ലയുടെ 13 ശതമാനം ഓഹരിയിൽനിന്നാണ്. 50 ബില്യൺ ഡോളർ മൂല്യമുള്ള മാസ്കിന്റെ എഐ കമ്പനിയായ xAI യും സാമ്പത്തിലെ വർധനവിൽ കാര്യമായി സ്വാധീനം ചെലുത്തി. 210 ബില്യൺ ഡോളർ മൂല്യമുള്ള Space X ഉം മസ്കിന്റെ മൊത്തത്തിലുള്ള ആസ്തിയിൽ പ്രധാന പങ്കുവഹിക്കുന്നു.
തെരഞ്ഞെടുപ്പ് ദിവസം മുതൽ നവംബർ 23 വരെയുള്ള 20 ദിവസക്കാലയളവിനിടയിൽ സമ്പത്തിൽ 70 ബില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്. ടെസ്‌ലയുടെ 40 ശതമാനം ഓഹരികളും ഈ കാലയളവിൽ നേട്ടമുണ്ടാക്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപുമായുള്ള മസ്കിന്റെ അടുത്തബന്ധം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചതായാണ് വിലയിരുത്തൽ.