ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് അവരുടെ കവിളിലോ നെറ്റിയിലോ ചുംബിക്കുക എന്നതാണ്. അവരുടെ ഓമനത്തം തുളുമ്പുന്ന മുഖം ചുംബനം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാൽ കുഞ്ഞുങ്ങൾക്ക് ഉമ്മ നൽകുന്നത് ഒഴിവാക്കണമെന്നാണ് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ആരോഗ്യ വിദഗ്ധരുടെ പഠനം പറയുന്നത്.
കുഞ്ഞുങ്ങൾ മുതിർന്നവരെപ്പോലെയല്ല. അവരിൽ രോഗപ്രതിരോധ ശേഷി വികസിച്ചുവരാൻ സമയമെടുക്കും. ഇത് കാരണം മറ്റ് പ്രായത്തിലുള്ളവരേക്കാൾ വളരെ പെട്ടന്ന് കുഞ്ഞുങ്ങളിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. ജനിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളിൽ കുഞ്ഞിന്റെ പ്രതിരോധശേഷി വളരെ ദുർബലമായിരിക്കും. നേരിയ തോതിലുള്ള അണുബാധയേൽക്കുന്നതുപോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് കുഞ്ഞുങ്ങളുടെ ജീവൻ വരെ അപകടത്തിലാക്കുകയും ചെയ്യും.
നവജാത ശിശുക്കൾക്കും ബാക്ടീരിയയിൽ നിന്നുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത മുതിർന്ന കുട്ടികളെക്കാളും മുതിർന്നവരേക്കാളും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ആതിഥേയന്റെ കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ രോഗകാരികൾ. കുഞ്ഞുങ്ങൾക്ക് അത്തരം അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്ത അണുബാധകൾ എന്നിവയ്‌ക്ക് കാരണമാകും.
ഒരു കുഞ്ഞിനെ കാണുമ്പോൾ, അവരെ തൊടുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ നന്നായി കഴുകിയെന്ന് ഉറപ്പാക്കുക. അവരുടെ മുഖത്ത് ചുംബിക്കുന്നതിന് പകരം, നിങ്ങൾക്ക് അവരുടെ പാദങ്ങളിലോ തലയുടെ പുറകിലോ ചുംബിക്കാം. പനിയോ ജലദോഷമോ പോലുള്ള അസുഖങ്ങൾ ഉള്ളവർ കുഞ്ഞുങ്ങളെ ചുംബിക്കുന്നതോ തൊടുന്നതോ ഒഴിവാക്കുക. ഇത്തരക്കാർ മാസ്ക് ധരിക്കുകയോ കുഞ്ഞിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയോ ചെയ്യണം.















